കോഴിക്കോട്: പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ക്രിമിനല്‍ കേസ് വിചാരണ നടത്താം. ഒളിവില്‍ പോകുന്ന പ്രതികളുടെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 356(8) പ്രകാരമുള്ള അധികാരങ്ങള്‍ വിനിയോഗിച്ചാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്.
നീതിനിര്‍വഹണം മനഃപൂർവം തടസപ്പെടുത്തുന്നതും വിചാരണ നീണ്ടുപോകുന്നതും ഒഴിവാക്കുകയാണു ലക്ഷ്യം. കര്‍ശനമായ നിയമവ്യവസ്ഥകള്‍ക്കു വിധേയമായി, പ്രഖ്യാപിത കുറ്റവാളികളുടെ കാര്യത്തിലാണു വിചാരണയ്ക്ക് അനുമതി.
മുമ്പുണ്ടായിരുന്ന നിയമവ്യവസ്ഥ പ്രകാരം പ്രതിയുടെ അസാന്നിധ്യത്തില്‍ വിചാരണയോ ശിക്ഷാവിധിയോ സാധ്യമായിരുന്നില്ല. വിചാരണയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനഃപൂര്‍വം പ്രതി ഒളിവില്‍ പോകുകയും ഭാവിയില്‍ ഇയാളെ പിടികൂടാന്‍ സാധ്യതയില്ലെന്നു കോടതിക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പ്രതിയുടെ സാന്നിധ്യമില്ലാതെ വിചാരണയുമായി മുന്നോട്ടു പോകാന്‍ സെക്ഷന്‍ 356 കോടതിയെ അധികാരപ്പെടുത്തുന്നുണ്ട്.
സെക്ഷന്‍ 84 പ്രകാരം പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി ഒളിവില്‍ പോവുകയാണെങ്കില്‍ ഈ നിയമം ബാധകമാകും. പഴയ നിയമപ്രകാരം (സിആര്‍പിസി, 1973 (19)) കുറ്റങ്ങളില്‍ മാത്രമേ പ്രഖ്യാപനം സാധ്യമായിരുന്നുള്ളൂ.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം 10 വര്‍ഷമോ അതില്‍ കൂടുതലോ തടവ്, ജീവപര്യന്തം, അല്ലെങ്കില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ ഇതു ബാധകമാണ്. കുറ്റപത്രം സമര്‍പ്പിച്ച് 90 ദിവസത്തെ കാത്തിരിപ്പ് കാലാവധിക്കു ശേഷമേ പ്രതിയുടെ അസാന്നിധ്യത്തിലുള്ള വിചാരണ ആരംഭിക്കാന്‍ പാടുള്ളൂ. പ്രതി മനഃപൂര്‍വം ഒളിവില്‍ കഴിയുകയാണെന്നു പോലീസ് കോടതിയെ ബോധ്യപ്പെടുത്തണം.